2014, ജൂലൈ 14, തിങ്കളാഴ്‌ച

തെരുവത്തെ കഥാപാത്രങ്ങള്‍ - അന്തോത്തു അതൃമാട്ടിക്ക.

               

       
             പഴയ ഒരു നല്ല മനുഷ്യന്‍, പഴമക്കാരെ  കുറിച്ച് പറയുമ്പോള്‍ ഏറെ ശുദ്ധരും, അക്ഷരാഭ്യാസം കുറഞ്ഞവരും,  യാഥാസ്ഥിതികരും ആയിരിക്കുമല്ലോ. പരമശുദ്ധരായ മനുഷ്യര്‍ ജീവിച്ചിരുന്ന കാല ഘട്ടം എന്ന് വേണമെങ്കിലും പറയാം.തെരുവത്തെ അന്തോത്തതൃമാട്ടിക്ക അത്തരം ഒരാളായിരുന്നു.

              മുട്ടിനോളം വരുന്ന വലിയ കാപ്പയും,( ചെസ്റ്റ്‌ പോക്കറ്റ് )കെടി കീശയുമുള്ള  ( കുപ്പായത്തിന്റെ  രണ്ടു സൈഡിലും പഴയകാലത്തുണ്ടായിരുന്ന കീശ, ഘടി ( സമയം നോക്കുന്ന വാച്ച്) അക്കാലത്ത് കയ്യില്‍ കെട്ടുന്ന വാച്ചിന് പകരം ഷർട്ടിന്റെ രണ്ടു സൈഡിലും ആയി   ഒരു ചങ്ങലയാല്‍         ബന്ധിപ്പിച്ച   ഘടി കീശയിലിടുന്നു.കീശയില്‍ നിന്നും എടുത്തുനോക്കിയാണ് സമയം അറിയുന്നത്. അത് കൊണ്ടാണ് ഘടികീശ എന്ന് ഇതിനെ പറയുന്നത്.പക്ഷെ അന്തോത്തു അതൃമാട്ടിക്കയുടെ കുപ്പായത്തിനു കീശ മാത്രമേ ഉള്ളൂ. കീശയിൽ ഘടിയില്ല കെട്ടോ .)

           കൈക്ക് യഥേഷ്ടം വിഹരിക്കത്തക്കവിധം വ്യാസത്തിലുള്ള   കുപ്പായത്തിന്റെ കൈ , കൈമുട്ടിൽ നിന്നും ഇറങ്ങിനില്‍ക്കും. ഇടയ്ക്കിടെ കൈ നിവർത്തി വെച്ചു കുപ്പായക്കൈ  കയറ്റിവെച്ചു ,കൈ വിരലുകൾ ചുണ്ടിൽ '.V ' ആക്കി വെച്ച് നീട്ടി തുപ്പുന്നത് കാണാം.. മുറുക്കൽ വായിൽ നിന്നും മാറി നല്‍ക്കുന്ന സമയം ഇല്ലാത്തതുകൊണ്ടു മുറുക്കി തുപ്പൽ നിറഞ്ഞ പീടിക മുറ്റം എപ്പോഴും രക്ത നിറമായിരിക്കും.

         കഷണ്ടി ബാധിച്ചു മിന്നുന്ന തലയില്‍ നെറ്റിയില്‍ നിന്നുയര്‍ന്നു ആയാസമായി കെട്ടിയ തലയില്‍ കെട്ട് ഇടത്തെ കൈകൊണ്ടു ഒന്ന് ഇറക്കി പൊക്കി വെക്കുന്ന ശീലം. മുറുക്കാന്‍ ചവച്ചു ഉറ്റി വീണ കറ കുപ്പായത്തില്‍ പലേടത്തും കാണും. സദാ മുറുക്കിക്കൊണ്ടിരിക്കുന്ന അതൃമാട്ടിക്കയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ചുവപ്പ് നീര് എപ്പോഴും  വായക്കിരുവശവും കാണാം. പല്ലുകള്‍ ഉണ്ടെന്നോ ഇല്ലെന്നോ തിരിച്ചറിയാന്‍ കഴിയാത്തവിധം ആ വായില്‍ മുറുക്കാന്‍ ഒഴിഞ്ഞ നേരമുണ്ടാകില്ല, മുട്ടിലും താഴ്ന്നു നില്‍ക്കുന്ന കുപ്പായത്തിനടിയില്‍ കാല്‍ മുട്ടില്‍ നിന്നും കുറച്ചു താഴ്ന്നുകൊണ്ട് ഒരു വെളുത്ത ബര്‍മന്‍ കൈലിമുണ്ടും ഒരു മെതിയടിയും ആയാല്‍ നമ്മുടെ അന്തോത്തു അതൃമാട്ടിക്കയായി.

            രാവിലെ വന്നു അദ്ദേഹത്തിന്റെ പീടിക കൊലായിക്ക്,(വരാന്ത) അദ്ദേഹം സ്വയം രൂപ കല്‍പ്പന ചെയ്തു നിര്‍മ്മിച്ച മുള പാളികള്‍ കൊണ്ടുള്ള ഷട്ടര്‍ തുറന്നു അതിന്നകത്തു കയറി വേണം പീടികയുടെ നിരപ്പലകള്‍  തുറന്നെടുക്കാന്‍.


             തടികൊണ്ട് നിരക്കൂട്ടും, (ഇന്നത്തെപോലെ ലോഹ ഷട്ടര്‍  ആയിരുന്നില്ല അന്ന്.പീടിക മുറികള്‍ക്ക് നിരകള്‍ നിരത്തി പീടികകള്‍ അടക്കാനുള്ള നിരക്കൂട്ടു) നിരകളും കൊണ്ടായിരുന്നു അന്ന് തെരുവത്തെ പീടികകള്‍ അടച്ചിരുന്നത്. ഇന്നത്തെ പോലെ റോളിംഗ് ഷട്ടര്‍ കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന കാലം. എന്നാല്‍ അതൃമാട്ടിക്കയുടെ പീടിക അടച്ചിരുന്നത് അദ്ദേഹം സ്വയം നിര്‍മ്മിച്ച റോളിംഗ് ഷട്ടര്‍ കൊണ്ടായിരുന്നു. ഇന്ന് ഷട്ടര്‍ നിര്‍മ്മിക്കുന്നത് ഇരുമ്പ് ഷീറ്റ് കൊണ്ടാണല്ലോ. അന്നദ്ദേഹം ഷട്ടര്‍ നിര്‍മ്മിച്ചത് മുള ചീളുകള്‍ കൊണ്ടായിരുന്നു. മുളചീള്കള്‍ കയറുകൊണ്ട് ഒന്നിനോടൊന്നു ബന്ധിപ്പിച്ചു കൊണ്ട് അനായാസം ഉയര്‍ത്താനും, താഴ്ത്താനും കഴിയും വിധം, മെറ്റല്‍ ഷട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഷട്ടര്‍ ആദ്യമായി ഞാന്‍ കാണുന്നത് അതൃ മാട്ടിക്കയുടെ പീടികക്കായിരുന്നു. ഇന്ന് ലോകമെമ്പാടും കാണുന്ന റോളിംഗ് ഷട്ടര്‍ അതിന്റെ പരിഷ്കരിച്ച മെറ്റല്‍ പതിപ്പാണ്.

        അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന്റെ വലിപ്പമൊന്നും അറിയാതെ അതൃമാട്ടിക്ക അദ്ദേഹത്തിന്റെ കടയില്‍ കച്ചവടത്തില്‍ വ്യാപൃതനായിരിക്കും എപ്പോഴും....(തീവണ്ടി എഞ്ചിൻ കണ്ടുപിടിച്ച സായിപ്പിനെ രാജ്യം ഭരിച്ച ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നെന്നു മനസ്സിലാക്കി വെച്ചിട്ടുള്ള അതൃമാട്ടിക്ക ഒരു പക്ഷെ തനിക്കും ആ ഗതി വരേണ്ടെന്നു ധരിച്ചാവും തന്റെ റോളിംഗ് ഷട്ടര്‍ കണ്ടുപിടുത്തം പരസ്യ പ്പെടുത്താതിരുന്നത് എന്നും അസൂയാലുക്കള്‍ പറയാറുണ്ട്‌.!)
                                                    *******************
 
                പുലര്‍ച്ചെ മീന്‍ കച്ചവടക്കാരെ കൊണ്ട് ഉണരുന്ന തെരുവത്ത് ബസാര്‍, അന്നൊ ക്കെ രാത്രി പാതിരാവരെയും, ജന നിബിഡമായിരിക്കും. രാവിലെ ദൂരസ്ഥലങ്ങളില്‍ നിന്നായി വരുന്ന മീന്‍ കച്ചവടക്കാര്‍ (ദൂരസ്ഥലം എന്ന് പറയുന്നത് കക്കോടി, വേങ്ങേരി, ബാലുശ്ശേരി പ്രദേശങ്ങള്‍ ആണ്. കാല്‍ നടയായി വരുന്നവര്‍ക്ക്, ബസ്സില്ലാത്ത അന്നത്തെ കാലത്ത് ദൂരസ്തലമാണ ല്ലോ) പുതിയങ്ങാടി കടപ്പുറത്ത് വന്നണയുന്ന മീന്‍ തോണികള്‍ കൊയാ റോഡും തെരുവത്ത് ബസാറും ജനങ്ങളും, വാഹനങ്ങളും നിറഞ്ഞു തിക്കും തിരക്കുമായി ഉത്സവ പറമ്പായി മാറുന്ന തെരുവത്ത് ബസാര്‍,...

                മീന്‍  വാങ്ങാന്‍ വരുന്ന  കാവണ്ടക്കാര്‍   അവരുടെ നാട്ടില്‍ നിന്നും ചക്ക, മാങ്ങ, പ്ലാവില, തുടങ്ങിയവ വില്‍പ്പനക്കായി കൊണ്ടുവരും, അത് തെരുവത്ത് ബസാറില്‍ വിറ്റ്‌,  കടപ്പുറം പോയി കാവണ്ട കൊട്ടകള്‍ നിറയെ മീനുമായി തിരിച്ചുപോകും.(കാവണ്ടം= രണ്ടു തലക്കും വലിയ കൊട്ടകള്‍ തൂക്കികെട്ടി ഒരു മുളയിൽ  തൂക്കി ചുമലില്‍ ചുമക്കുന്ന,-അതായത് പഴയ തൂക്ക ത്രാസുപോലെ- കയറു കൊട്ട) 

             ചുമലില്‍ കാവണ്ടത്തിനപ്പുറവും ഇപ്പുറവും  തൂക്കു കൊട്ടകളില്‍ പ്ലാവില പിടി . (ആടുകള്‍ക്ക് ഇഷ്ട തീറ്റ യാണ് പ്ലാവില). .കൃഷിയും,ആടുമാടു വളര്‍ത്തലും ആയിരുന്നല്ലോ അക്കാലത്തെ പ്രധാന വീട്ടു വരുമാന മാര്‍ഗ്ഗം.ആടുകള്‍ക്കുള്ള പ്രധാന ഭക്ഷണമാണ് പ്ലാവില. ഇരുകൊട്ടകളിലും തെരുവത്ത് വില്‍പ്പനക്കുള്ള പ്ലാവില, മാങ്ങ, ഇത്യാദികളുമായി   നടന്നു തെരുവത്തെത്തുന്ന കാവണ്ടക്കാര്‍ ചുമലിലെ ഭാരം ഇറക്കി വെച്ച് അല്പം വിശ്രമിക്കുന്നത് അതൃമാട്ടിക്കയുടെ പീടികക്കരികിലാണ്.അതിനു കാരണമുണ്ട് .കൊട്ടയില്‍ കൊണ്ടുവരുന്ന പ്ലാവില പ്പിടിക്കെട്ട് അതൃ മാട്ടിക്കക്ക് വില്‍ക്കാന്‍. മറ്റൊന്ന് അതിന്നടുത്തെ അസ്സന്‍ കോയക്കാന്റെ മക്കാനിയില്‍ നിന്നും ഒരാപ്പു ചായയും ഒരു പഴം പൊരിയും തിന്നണം എന്നതാണ് എല്ലാ കാവണ്ട ചുമട്ടുകാരും അത്രുമാട്ടിക്കയുടെ പീടികക്ക് മുന്‍ വശം വിശ്രമ സ്ഥലമായി കാണുന്നത്.

         അപ്പോഴും അത്രുമാട്ടിക്ക പീടികയിലെ സ്ടൂളില്‍ ഇരിക്കുകയോ അല്ലെങ്കില്‍ വെറ്റിലയും മുറുക്കി ഉടുത്ത ലുങ്കി പിന്നിലേക്ക്‌ പിടിച്ചു പീടിക വരാന്തയിലൂടെ ഉലാത്തുന്നതോ ആയിരിക്കും 
                                                                      *******
'
    അറുമാട്ടിക്കാ അസ്സലാമു അലൈക്കും..സലാം പറഞ്ഞുകൊണ്ട് കാവണ്ടാക്കാരന്‍ ഹംസക്ക കൊട്ടയില്‍ പ്ലാവില പിടികെട്ടുകളും നിറഞ്ഞ കാവണ്ടം ചുമലില്‍ നിന്നിറക്കി വെച്ചു ഒന്ന് നിവര്‍ന്നു നിന്ന് ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് നിന്നു  .. ....
'എടൊ എന്താടോ വില ?
എടുത്തോളിം അര്‍മാട്ടിക്ക...ബെല ഞമ്മള്‍  എന്തിനാ പറീന്നെ?..
ജ്ജ്  ബെല പറെടോ.
............................
അറ്മാട്ടിക്ക ഞാന്‍ ഇപ്പം ബരാം..ഒരാപ് ചായേം കടിം കുടിച്ചിട്ട്...
അറ്മാട്ടിക്ക ഇതൊന്നു നോക്കണം.
ആട്ടിന്‍ കുട്ട്യേള്ണ്ട്....അങ്ങനെ ബെലസ്സ്ന്നു  അത് തിന്നണത് നോക്കണേ.....(പ്ലാവിലയും കൊട്ടയും  അതൃമാട്ടിക്കയെ നോക്കാന്‍ ഏല്‍പ്പിച്ചു ഞമ്മടെ ഹംസക്ക  മക്കാനീലോട്ടു പോയി.)
അല്‍പ  സമയം കൊണ്ട് തന്നെ ഹംസക്ക ചായ കുടിച്ചു തിരിച്ചു വന്നു.
അപ്പോള്‍ കണ്ട കാഴ്ച ഹംസക്കയെ കുടിച്ച ചായയും പഴം പൊരിയും ദഹിപ്പിച്ചു കളഞ്ഞു.....
കൊട്ടയിലുള്ള പ്ലാവില മുഴുവന്‍ ആടുകള്‍ തിന്നുന്നു.തീരാറായി..അതൃമാട്ടിക്ക അത് നോക്കി അങ്ങിനെ ഇരിക്കുന്നു. ഇതുകണ്ടാപ്പോള്‍ ഹംസക്കാക്ക് സഹിക്കാന്‍ കഴിയാത്ത ദേഷ്യം വന്നു..
അര്മാട്ടിക്ക എന്ത് പണിയാ ചെയ്തത് എല മുയ്ക്കെ  ആടു തിന്നില്ലേ? അറ്മാട്ടിക്കനോട് ഒന്ന് നോക്കാന്‍ പറഞ്ഞല്ലേ ഞമ്മള്പോയത്‌?..
ഇത് കേട്ട് അറ്മാട്ടിക്ക സ്ടൂളില്‍ നിന്നും ചാടി എണീറ്റ് കൊണ്ട്  ..ടോ ഹംസേ ജ്ജ് മേണ്ടായ്മ പറിയണ്ട കെട്ടോ.. ഞാന്‍ ഇബ്ട കുത്തിരിഞ്ഞു  അന്റെ കൊട്ടേലെ എല ആട്  തിന്നുന്നത് നോക്കെന്നായിരുന്നു...ഐന്റെ ഇടക്കല്ലേ ജ്ജ് ബന്നത്..?
യ്യ് ന്നോട് എല ആട് തിന്നണത് നോക്കാം പറഞ്ഞതല്ലേടോ... അതന്നല്ലേ ഞമ്മള്നോ നോക്കിക്കുത്തിരിഞ്ഞത്.....പിന്നെന്താ ജ്ജ് വേണ്ടാസം പരീണത്...ഇനി  ഇ യ്യ് നോക്കിക്കോ..
...............................................................................................................................................
ഹംസക്ക് ഒന്നും പറയാനില്ലാതായി....
ഹംസ സ്വയം നെഞ്ചത്ത് കൈവെച്ചടിച്ച് അറിയാതെ പറഞ്ഞുപോയി.. ന്റ അറ്മാട്ട്യാക്കാ.....

....കാലിയായ കൊട്ടയും കാവണ്ടത്തില്‍ തൂക്കി ഹംസക്ക കടപ്പുറത്തേക്ക് നീങ്ങി.....അര്‍മാട്ടിക്ക അപ്പോഴും പുകയില നുറുമ്പിയെടുത്ത് പല്ലില്‍ അങ്ങോളമിങ്ങോളം ഉരസി വായിലിട്ടു ചവച്ചുകൊണ്ട്  രണ്ടു വിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് കാര്‍ക്കിച്ചു നീട്ടി തുപ്പി....അതൃമാട്ടിക്കയുടെ മുറുക്കി തുപ്പലിന്റെ സ്റ്റൈല്‍  അതാണ്‌ കെട്ടോ...അല്ലാതെ അത്.ഹംസക്കയോടുള്ള ഈര്‍ഷ്യ മല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ